ഉപ്പിട്ട ഇളം ചൂടുള്ള കഞ്ഞിവെള്ളത്തിന്റെ രുചിയും, ഗുണവും ഏത് ഹോര്‍ളിക്സിനും, ബോണ്‍വിറ്റയ്ക്കും, കോംപ്ലാനും നല്കാന്‍ കഴിയും? ദാഹിച്ചു വലഞ്ഞു വരുമ്പോള്‍, ചെറു ഉള്ളി അരിഞ്ഞിട്ട, പച്ചമുളകു നെടുകെ കീറി, പാകത്തിനുപ്പും പിന്നെ ഒരു നാരകത്തിലയുമിട്ടു ലഭിച്ചിരുന്ന സംഭാരത്തിന്റെ രുചി എവിടെപ്പോയ് മറഞ്ഞു?
തലേ ദിവസത്തെ ചോറും, മീന്‍ കറിയും, കപ്പയും, പിന്നെ ചമ്മന്തിയും, ചേര്‍ത്ത് ഞെരടി; ഇടയ്ക്ക് പച്ചമുളകോ ഒരു കക്ഷണം ഉണക്കമീനോ കൂടി ഉണ്ടെങ്കില്‍ ലഭിക്കുന്ന രുചിയുടെ സാമ്രാജ്യം തകര്‍ക്കാന്‍ സായിപ്പിന്റെ ഏതു കോണ്‍ഫ്ലേക്സിനു കഴിയും? അല്ലെങ്കില്‍ ഏതു റൊട്ടിക്കും , വെണ്ണയ്ക്കും കഴിയും ?
പച്ചരി കുതിര്‍ത്തു പൊടിച്ചു തരിയില്ലാതെ വറുത്തെടുത്ത്, അതില്‍ പഴവും ശര്‍ക്കരപ്പാവും ഞെരടി, നാടന്‍ വെളിച്ചണ്ണയില്‍ പൊരിച്ചെടുക്കുന്ന ഉണ്ണിയപ്പത്തിന്റെ ഒരു സ്വാദേ....!!!!!!!!!! സായിപ്പേ, നിനക്കിതുപോലൊന്നു ഉണ്ടാക്കാന്‍ പറ്റുമോ?
നന്നായി പഴുത്ത ചക്കപ്പഴവും, അരിമാവും(ഗോതമ്പ് മാവും), ഏലയ്ക്കയും,ശര്‍ക്കരപ്പാവുമായി ചേര്‍ത്ത് ഞെരടി, പുഴുങ്ങിയുണ്ടാക്കുന്ന കുമ്പിളപ്പവും, ഇലയപ്പവും.............
നന്നായി പൊടിച്ചെടുത്ത അരിമാവിലോ, ഗോതമ്പു മാവിലോ, ഇളം ചൂടുവെള്ളമൊഴിച്ചു കുഴച്ചു, വാഴയിലയില്‍ പരത്തി, അതില്‍ തേങ്ങാപ്പീരയും, ശര്‍ക്കരയും, പഴം നുറുക്കും ചേര്‍ത്ത് ചുട്ടെടുക്കുന്ന അടയുടെ സ്വാദ്................... ഹൊ, കൊതിയാവുന്നു.
അച്ചപ്പം, കുഴലപ്പം, ചീട, മടക്ക്, നാടന്‍ കേക്ക്, പഴം പൊരി.......... ഇവയൊക്കെ ഇപ്പം ബേക്കറിയിലും കിട്ടുന്നുണ്ട്. എന്തോ; രുചിയുടെ കാര്യത്തില്‍ അവ മോശം .
കുടംമ്പുളിയിട്ടു വയ്ക്കുന്ന മീന്‍കറിയും , പിന്നെ ഇളം കപ്പ പുഴുങ്ങിയതും , കൂടെ കട്ടന്‍ കാപ്പിയും .............. ഹൊ, കൊതി വിടാതെന്തു ചെയ്യും ?
മാറുന്ന മലയാളി, മാറ്റത്തിന്റെ വേഗത്തില്‍ പിന്നിലുപേക്ഷിക്കുന്ന രുചിയുടെ ചേരുവകള്‍ ഇങ്ങിനി വരാത്ത വണ്ണം നമുക്കന്യമായിക്കൊണ്ടിരിക്കുകയാണോ?
നൂഡില്‍സും, ബര്‍ഗറും, ഹോട്ട് ഡോഗും, പിസ്സയും നമ്മുടെ തീന്‍ മേശ കീഴടക്കുന്നതിന്റെ ദേഷ്യവും, നിസ്സഹായകതയും ഇങ്ങനെ പ്രതിഫലിപ്പിച്ചെന്നേയുള്ളൂ.......
ഒരു പാട് രുചികള്‍ ഇനിയും എഴുതാന്‍ വിട്ടു പോയി. മലയാളത്തനിമ ഇപ്പൊഴും ഇഷ്ടപ്പെടുന്ന മാന്യ സുഹൃത്തുക്കള്‍ വിട്ടു പോയ രുചികള്‍ പൂരിപ്പിച്ചു തരുമല്ലോ? ഓര്‍മ്മയിലെങ്കിലും ഓര്‍ത്ത്, അയവിറക്കാനാ, കേട്ടോ?