ഒരു കുടമണിയുണ്ടെന്നുള്ളില്‍....
ഒരു പിടിയോര്‍മ്മകളുണ്ടതിനുള്ളില്‍...
ഒരു ചെറുസ്പര്‍ശത്താലീ, കുടമണി കിലുങ്ങി,
അതോര്‍മ്മകളൊരരുവിയായെന്നില്‍ തെളിനീരൊഴുക്കി....
ആരും കാണാതീ ചെപ്പു തുറക്കെ,
മൂലയിലായൊരുമോഹത്തിന്‍ ചെറു ചില്ലുകളും...
പൊടിയണിഞ്ഞു കിടന്നൊരു സ്മിതവും....
ഒരു കൈതപ്പൂവിന്‍ ഗന്ധവുമെന്നില്
കേട്ടു മറന്നൊരു നാദമുണര്‍ത്തവേ...
കനവുകളൊരു കനലായ് മാറീ,യതൊരു-
ചെറു മഴയായ് കാറ്റിന്‍ കൈകളിലേന്തി...
എന്‍ ചുടുനീരൊഴുകും മാറില്‍ പതിച്ചതൊരു
ചെറു നദിയായ് വീണ്ടും മാറി...
ഇബ്ബം നിറഞ്ഞൊരീണം പോലോര്‍മ്മ-
കളെന്നില്‍ അലയടിച്ചുയരവേ;
എത്ര ധന്യമീ ജന്മമെന്നൊര്‍ത്തു
ഞാന്‍ പേര്‍ത്താഹ്ളാദിക്കവേ,
കരയിലവശേഷിപ്പിച്ചു കടന്നൊരു
തിരമാല പോലാരോ ഓര്‍മ്മിപ്പിക്കുന്നു;
സ്പന്ദനങ്ങള്‍ നിലയ്ക്കുവൊളം
ഓര്‍മ്മകള്‍ മാത്രം ബാക്കിയാകുന്നു....